എസ്.എം.എഫ് ഗോള്‍ഡന്‍ ജൂബിലി ഉദ്ഘാടന മഹാസമ്മേളനം നാളെ ചെമ്മാട്
1976 ഏപ്രില്‍ 26 ന് തിരൂരങ്ങാടി കേന്ദ്രമായി പ്രഥമ ഘടകം പ്രവര്‍ത്തനമാരംഭിക്കുകയും പിന്നീട് വിവിധ ഘട്ടങ്ങളിലായി അഖിലേന്ത്യാ തലം വരെ വ്യാപിപ്പിക്കുകയും ചെയ്ത സമസ്ത കേരള സുന്നി മഹല്ല് ഫെഡറഷന്റെ (SMF) ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഉദ്ഘാടന മഹാസമ്മേളനം നാളെ (ഏപ്രില്‍ 26) വൈകുന്നേരം 4 മണിക്ക് ചെമ്മാട് സയ്യിദ് ഹൈദര്‍ അലി ശിഹാബ് തങ്ങള്‍ നഗറില്‍ (ദാറുല്‍ ഹുദ അങ്കണം) നടക്കും. 'നേര്‍ വഴിയുടെ നാള്‍ വഴി' എന്ന പ്രമേയത്തില്‍ വിവിധ പരിപാടികളും പ്രവര്‍ത്തനങ്ങളുമായി ഈ ആഘോഷപരമ്പര, 2027 ജനുവരി 17-ന് കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന സമാപന മഹാ സമ്മേളനത്തോടെ വിരാമമിടും. ഉദ്ഘാടന മഹാസമ്മേളനത്തില്‍ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രമുഖ ഉലമാക്കളും ഉമറാക്കളും സാമൂഹിക-രാഷ്ട്രീയ നേതാക്കളും പങ്കെടുക്കും. സമ്മേളനത്തിന് മുന്നോടിയായി ഏപ്രില്‍ 25ന് വിവിധ മഖാമുകളില്‍ സിയാറത്ത് സംഘടിപ്പിക്കും. വരക്കല്‍ മഖാമില്‍ സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, മമ്പുറം മഖാമില്‍ എസ്.എം.എഫ് സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി, പാണക്കാട് മഖാമില്‍ സമസ്ത സെക്രട്ടറി എം.ടി. അബ്ദുള്ള മുസ്ലിയാര്‍ എന്നിവര്‍ നേതൃത്വം നല്‍കും. ഏപ്രില്‍ 26 ഞായറാഴ്ച രാവിലെ 8 മണി മുതല്‍ 9 മണി വരെ സംസ്ഥാനത്തെ എല്ലാ മഹല്ലുകളിലും എസ്.എം.എഫ് സ്ഥാപകദിനാചരണ പരിപാടികള്‍ നടക്കും. രാവിലെ 10 മണിക്ക് എസ്.എം.എഫ് മുതിര്‍ന്ന നേതാവ് കെ.എം. സൈതലവി ഹാജി, കോട്ടക്കല്‍ പതാക ഉയര്‍ത്തും. വൈകീട്ട് 4 മണിക്ക് ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര്‍, ഡോ. യു. ബാപ്പുട്ടി ഹാജി മഖാമുകളില്‍ നടക്കുന്ന സിയാറത്തിന് സമസ്ത കേന്ദ്ര മുശാവറ അംഗവും എസ്.എം.എഫ് സംസ്ഥാന വൈസ് പ്രസിഡണ്ടുമായ കെ.ടി ഹംസ മുസ്്‌ലിയാര്‍ നേതൃത്വം നല്‍കും. വൈകീട്ട് 5 മണിക്ക് വേദിയില്‍ 'എസ്.എം.എഫ്: സമസ്തയുടെ ദേശീയ പരിപ്രേക്ഷ്യം' എന്ന വിഷയത്തില്‍ ദാറുല്‍ ഹുദ ആന്ധ്രപ്രദേശ് ഓഫ് ക്യാമ്പസ് പ്രിന്‍സിപ്പല്‍ ഷറഫുദ്ദീന്‍ ഹുദവി ആനമങ്ങാട്, 'നവോത്ഥാനത്തിലെ ഉലമാ ഉമറാ സാന്നിധ്യം' എന്ന വിഷയത്തില്‍ എസ്.എം.എഫ് സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി എന്നിവര്‍ പ്രഭാഷണം നടത്തും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനത്തില്‍ സമസ്ത വൈസ് പ്രസിഡന്റ് നെല്ലായ കുഞ്ഞുമുഹമ്മദ് മുസ്ലിയാര്‍ പ്രാര്‍ത്ഥന നടത്തും. എസ്.എം.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി യു. മുഹമ്മദ് ഷാഫി ഹാജി സ്വാഗതം പറയും. സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി ആമുഖ പ്രഭാഷണം നടത്തും. സമസ്ത പ്രസിഡന്റും എസ്.എം.എഫ് ഗോള്‍ഡന്‍ ജൂബിലി ആഘോഷ പരിപാടികളുടെ മുഖ്യരക്ഷാധികാരിയുമായ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷത വഹിക്കുന്ന സമ്മേളനം ഗോള്‍ഡന്‍ ജൂബിലി ചെയര്‍മാന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. കേരള പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ചീഫ് ഗസ്റ്റായി പങ്കെടുക്കും. സമസ്ത സെക്രട്ടറി എം.ടി. അബ്ദുള്ള മുസ്ലിയാര്‍ മുഖ്യ പ്രഭാഷണം നടത്തും. സമസ്ത ട്രഷറര്‍ ഉമര്‍ മുസ്ലിയാര്‍ കൊയ്യോട്, സമസ്ത കേന്ദ്ര മുശാവറ വൈസ് പ്രസിഡന്റ് കോട്ടുമല മൊയ്തീന്‍ കുട്ടി മുസ്ലിയാര്‍, കേന്ദ്ര മുശാവറ അംഗം കെ.ടി. ഹംസ മുസ്ലിയാര്‍, സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, കോഴിക്കോട് ഖാളി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, എസ്.എം.എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുംകൈ, സയ്യിദ് അസ്്‌ലം മഷ്ഹൂര്‍ തങ്ങള്‍ കണ്ണൂര്‍ എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നിര്‍വഹിക്കും. സമസ്ത കേന്ദ്ര മുശാവറ അംഗങ്ങള്‍, വിദ്യാഭ്യാസ ബോര്‍ഡ് എക്‌സിക്യുട്ടീവ് മെമ്പര്‍മാര്‍, ഗോള്‍ഡന്‍ ജൂബിലി ആഘോഷ സമിതി ട്രഷറര്‍ പി.കെ. കുഞ്ഞാലിക്കുട്ടി എം.എല്‍.എ, ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി, ഡോ. അബ്ദുസ്സമദ് സമദാനി എം.പി, എം.എല്‍.എമാരായ കെ.പി.എ. മജിദ്, പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍, കുറുക്കോളി മൊയ്തീന്‍, എസ്.എം.എഫ് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ്‌റുമാരായ എം.സി മായിന്‍ ഹാജി, അബ്ദുറഹ്മാന്‍ കല്ലായി, പി.എം.എ സമീര്‍ എന്നിവര്‍ പ്രസംഗിക്കും. എസ്.എം.എഫ് സംസ്ഥാന വര്‍ക്കിംഗ് സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍, പ്രവര്‍ത്തക സമിതിയംഗം ഓണമ്പിള്ളി മുഹമ്മദ് ഫൈസി എന്നിവര്‍ വിഷയാവതരണം നടത്തും. ഗോള്‍ഡന്‍ ജൂബിലിയുടെ ഭാഗമായി ദേശീയ തലത്തില്‍ ബാംഗ്ലൂരും മംഗലാപുരത്തും ദേശീയ സെമിനാറുകള്‍ സംഘടിപ്പിക്കും. സ്റ്റേറ്റ് തലത്തില്‍ കൊടുങ്ങല്ലൂര്‍, പൊന്നാനി, മമ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്, വയനാട്, ആലപ്പുഴ എന്നിവിടങ്ങളില്‍ ഹിസ്റ്ററി കോണ്‍ഫറന്‍സുകളും നടക്കും. ഇതോടൊപ്പം സമ്പൂര്‍ണ്ണ ഫാമിലി ഡയറക്ടറി പുറത്തിറക്കുകയും ചെയ്യും. ആഘോഷങ്ങളുടെ ഭാഗമായി നാട്ടു നന്മലഹരി മുക്ത ക്യാമ്പയിന്‍, 500 മഹല്ലുകളില്‍ ഹിമായ കോഴ്‌സ്, 500 ക്ലസ്റ്റര്‍ മീറ്റുകള്‍, 5000 പള്ളികളില്‍ ഭിന്നശേഷി സൗഹൃദ സംവിധാനങ്ങള്‍, 500 ഇ-മഹല്ലുകള്‍ തുടങ്ങിയ വിപുലമായ പദ്ധതികള്‍ നടപ്പിലാക്കും. മികച്ച മഹല്ലുകള്‍ക്കും ജില്ല, മേഖല, പഞ്ചായത്ത് തലങ്ങളിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കും അവാര്‍ഡുകള്‍ നല്‍കുകയും നാള്‍വഴിയെ ആസ്പദമാക്കി ഡോക്യുമെന്ററി പുറത്തിറക്കുകയും ചെയ്യും. സ്മാര്‍ട്ട് ടീം രൂപീകരണം, ദഅവ കൗണ്‍സില്‍ സമര്‍പ്പണം, ജില്ലാതല നേതൃസംഗമങ്ങള്‍, ഇമാം കോഴ്സ്, എംപ്ലോയ്മെന്റ് ബ്യൂറോ, സോഷ്യല്‍ സര്‍വീസ് സെന്റര്‍, ദഅവ സെന്റര്‍ എന്നിവയുടെ തുടക്കവും ഈ ഘട്ടത്തില്‍ നടക്കും. കൂടാതെ ലീഡേഴ്‌സ് ട്രെയിനിംഗ് ക്യാമ്പുകള്‍, ബ്ലഡ് ഡോണേഴ്‌സ് ഫോറം, മജ്‌ലിസുല്‍ കിബാര്‍, പഞ്ചായത്ത് തല മെഡിക്കല്‍ ക്യാമ്പുകള്‍, വൃക്ഷതൈ നട്ട് പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍, ആദര്‍ശ പഠന ശിബിരങ്ങള്‍, മഹല്ല് തല ഫാമിലി ക്ലസ്റ്റര്‍ മീറ്റുകള്‍, എസ്.എം.എഫ് സ്ഥാപക ദിനാചരണം തുടങ്ങി വൈവിധ്യമാര്‍ന്ന സാമൂഹികസാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ ജൂബിലിയുടെ ഭാഗമായി നടക്കും. 2027 ജനുവരി 17-ന് കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന മഹാസമാപന സമ്മേളനത്തോടെയാണ് ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങള്‍ക്ക് സമാപനം കുറിക്കപ്പെടുക. ഉത്ഘാടന സമ്മേളനത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി എസ്.എം.എഫ് സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, ഗോള്‍ഡന്‍ ജൂബിലി വര്‍ക്കിംഗ് ചെയര്‍മാന്‍ അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ജനറല്‍ കണ്‍വീനര്‍ യു. മുഹമ്മദ് ഷാഫി ഹാജി, വര്‍ക്കിംഗ് കണ്‍വീനര്‍ നാസര്‍ ഫൈസി കൂടത്തായി, കോര്‍ഡിനേറ്റര്‍ സലീം എടക്കര എന്നിവര്‍ പറഞ്ഞു. ഈ മഹാസമ്മേളനത്തിലേക്ക് എല്ലാവരെയും ഹൃദയം നിറഞ്ഞ് സ്വാഗതം ചെയ്യുന്നതായും നേതാക്കള്‍ അറിയിച്ചു.