Logo
blog
10 Jun 2026

ചരിത്രത്തെ വളച്ചൊടിച്ചും വ്യാജമായി പുനർനിർമിച്ചും സമൂഹത്തിൽ തെറ്റായ ധാരണകൾ സൃഷ്ടിക്കുന്നത് ഭാവി തലമുറകളോട് ചെയ്യുന്ന വലിയ അനീതിയാണെന്ന് കേരള പൊതു വിദ്യാഭ്യാസ, വഖഫ്, ഹജ്ജ് വകുപ്പ് മന്ത്രി എൻ.ഷംസുദ്ധീൻ അഭിപ്രായപ്പെട്ടു. ചരിത്രസത്യങ്ങളെ മറച്ചുവെച്ച് ഫാസിസ്റ്റ് ശക്തികൾ അപകടകരമായ രീതിയിൽ കെട്ടുകഥകൾ പ്രചരിപ്പിക്കുന്ന സാഹചര്യത്തിൽ യഥാർത്ഥ ചരിത്ര വസ്തുതകൾ സമൂഹത്തിന് മുന്നിൽ അവതരിപ്പിക്കുകയും പുതിയ തലമുറയെ അതിലേക്ക് നയിക്കുകയും ചെയ്യേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണെന്നും അദ്ദേഹം പറഞ്ഞു. സുന്നി മഹല്ല് ഫെഡറേഷന്റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ഹിസ്റ്ററി കോൺഫറൻസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ചരിത്രത്തെ വളച്ചൊടിക്കുന്ന ശ്രമങ്ങൾക്കെതിരെ ശക്തമായ ബൗദ്ധിക പ്രതിരോധം ഉയർന്നുവരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. കേരളത്തിന്റെ ഭാഷാ-സാംസ്കാരിക വികാസത്തിൽ അറബി ഭാഷയും അറബ്-മലബാർ ബന്ധങ്ങളും നിർണായക സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. നൂറ്റാണ്ടുകളായി നിലനിന്നുവരുന്ന കേരളീയ ഹിന്ദു-മുസ്ലിം സൗഹാർദ്ദത്തെയും സഹവർത്തിത്വത്തെയും വർഗീയവൽക്കരിച്ച് അവതരിപ്പിക്കുന്നത് ചരിത്രത്തോടും സമൂഹത്തോടും ചെയ്യുന്ന പാതകമാണെന്നും അദ്ദേഹം പറഞ്ഞു. മലബാർ കലാപത്തെ കേവലം ഒരു വർഗീയ സംഘർഷമായി ചിത്രീകരിക്കുന്നത് ചരിത്രത്തിന്റെ ആഴവും പശ്ചാത്തലവും മനസ്സിലാക്കാത്തവരുടെ സമീപനമാണെന്നും, വസ്തുതകളെ അടിസ്ഥാനമാക്കിയുള്ള പഠനവും വിലയിരുത്തലുമാണ് ചരിത്രരചനയുടെ അടിസ്ഥാനമാകേണ്ടതെന്നും മന്ത്രി അഭിപ്രായപ്പെട്ടു.ഇന്നത്തെ കാലഘട്ടത്തിൽ ചരിത്രത്തിന്റെ നേർവഴികൾ പുതിയ തലമുറയ്ക്ക് പകർന്നു നൽകുന്നതിനും സമൂഹത്തിൽ ചരിത്രബോധം ശക്തിപ്പെടുത്തുന്നതിനും എസ്.എം.എഫ് സംഘടിപ്പിച്ച ഹിസ്റ്ററി കോൺഫറൻസ് പോലുള്ള സംരംഭങ്ങൾ വലിയ പ്രചോദനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചരിത്രസത്യങ്ങൾ സംരക്ഷിക്കുകയും അവ ജനങ്ങളിലെത്തിക്കുകയും ചെയ്യുന്നതിൽ സാമൂഹിക-സാംസ്കാരിക സംഘടനകൾ കൂടുതൽ സജീവമാകണമെന്നും മന്ത്രി ആഹ്വാനം ചെയ്തു. ചേരമാൻ ഓർഫനേജ് ഓഡിറ്റോറിയത്തിൽ നടന്ന ഹിസ്റ്ററി കോൺഫറൻസിൽ സമസ്ത കേന്ദ്ര മുശാവറ അംഗവും ജില്ലാ പ്രസിഡൻ്റുമായ അബ്ദുൾ ഖാദർ മുസ്ലിയാർ അദ്ധ്യക്ഷത വഹിച്ചു. എസ്.എം.എഫ് ജില്ലാ വൈസ് പ്രസിഡൻറ് റിയാസ് ഹസനി പ്രാർത്ഥന നടത്തി. എസ്.എം.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി യു. മുഹമ്മദ് ഷാഫി ഹാജി ആമുഖ പ്രഭാഷണം നടത്തി. സ്റ്റേറ്റ് ഓർഗനൈസിംഗ് സെക്രട്ടറി നാസർ ഫൈസി കുടത്തായി ഹിസ്റ്ററി കോൺഫറൻസ് പദ്ധതി പരിചയപ്പെടുത്തി. ഡോ. ജിൻ്റോ ജോൺ, ഓണമ്പിള്ളി മുഹമ്മദ് ഫൈസി എന്നിവർ പ്രബന്ധാവതരണം നടത്തി. എസ്.എം.എഫ് സ്റ്റേറ്റ് വൈസ് പ്രസിഡൻ്റ് ഡോ.സയ്യിദ് സി.കെ. കുഞ്ഞിത്തങ്ങൾ, തൃശൂർ ജില്ലാ പ്രസിഡൻ്റ് എ.വി. അബുബക്കർ ഖാസിമി, ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൾ കരീം ഫൈസി, എസ്.എം.എഫ് കോഴിക്കോട് ജില്ലാ സെക്രട്ടറി അബൂബക്കർ ഫൈസി മലയമ്മ, പ്രസിഡൻ്റ് ആർ.വി. കുട്ടി ഹസൻ ദാരിമി, മലപ്പുറം ജില്ലാ സെക്രട്ടറി സി.എച്ച് ത്വയ്യിബ് ഫൈസി, പത്തനംതിട്ട ജില്ലാ സെക്രട്ടറി സിറാജ് വെള്ളാപ്പള്ളി, സ്റ്റേറ്റ് സി.ഇ.ഒ ബഷീർ കല്ലേപ്പാടം, സ്റ്റേറ്റ് പ്രവർത്തക സമിതിയംഗം സലീം എടക്കര, സി.എച്ച് റഷീദ്, ഹംസ ഹാജി മൂന്നിയൂർ, സയ്യിദ് എം.പി. കുഞ്ഞിക്കോയ തങ്ങൾ, സി.എ. റഷീദ്, പി -എം. അമീർ , ഹസൻ ആലംകോട്, പ്രവാസി സെൽ ജില്ലാ സെക്രട്ടറി കെ.എസ്.എം. ബഷീർ ഹാജി, മലപ്പുറം ജില്ലാ കോർഡിനേറ്റർ ഇസ്മായിൽ ഹുദവി, സമസ്ത , എംപ്ലോയീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി സയ്യിദ് ഷാഹിദ് കോയ തങ്ങൾ, സമസ്ത ജില്ലാ കമ്മറ്റിയംഗം സിദ്ദീഖ് ഫൈസി മങ്കര, ഗഫൂർ അറക്കൽ, ഉമർ മാസ്റ്റർ മുള്ളുർക്കര, നാസർ ഫൈസി കരുപ്പടന്ന , ജാഫർ വടക്കേക്കാട്, സലാം ബ്ലാങ്ങാട്, ആർ.എസ്. മുഹമ്മദ് മോൻ, കെ.ബി. അബ്ദുൾ ഖാദർ , ടി.കെ. കൊച്ചു ഇബ്രാഹിം, സ്വാഗത സംഘം വർ.കൺവീനർ യൂസഫ് പടിയത്ത്, ആർ.വി. അബൂബക്കർ യമാനി, എസ്.എം.എഫ് മീഡിയ അംഗം മഹ്റുഫ് വാഫി, അബ്ദുൾ കരീം മൗലവി, ചേരമാൻ പള്ളി പ്രസിഡൻ്റ് റഫീഖ്, സെക്രട്ടറി ഇബ്രാഹിം, എന്നിവർ പ്രസംഗിച്ചു.