ചേളാരി : അഭ്യസ്ത വിദ്യരായ ചെറുപ്പക്കാര്‍ സര്‍ക്കാര്‍ ജോലി നേടാന്‍ വര്‍ഷങ്ങളായി തയ്യാറെടുപ്പുകള്‍ നടത്തി പി.എസ്.സി പരീക്ഷകളെഴുതി കാത്തിരിക്കുമ്പോള്‍ വിവിധ സര്‍ക്കാര്‍ ഏജന്‍സികളില്‍ പിന്‍വാതില്‍ നിയമനം നടത്തുന്ന സര്‍ക്കാര്‍ നിലപാട് മരവിപ്പിച്ച് ഉദ്യോഗാര്‍ഥികള്‍ക്ക് പി.എസ്.എസി മുഖാന്തരം നിയമനം നല്‍കാന്‍ വേണ്ട അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. വിവിധ റാങ്ക് ലിസ്റ്റുകളില്‍പെട്ട ഉദ്യോഗാര്‍ഥികള്‍ റാങ്ക്‌ലിസ്റ്റുകളുടെ കാലാവധി നീട്ടണമെന്നും നിലവിലുള്ള ഒഴിവുകളില്‍ നിയമനം നടത്താതെ ഉദ്യോഗാര്‍ഥികളെ കബളിപ്പിക്കുന്ന നിലപാടില്‍ പ്രതിഷേധിച്ച് തലസ്ഥാനത്തും വിവധ ജില്ലകളിലും നടക്കുന്ന സമരത്തെ ചെറുതായി കാണരുതെന്നും യോഗം ആവശ്യപ്പെട്ടു. സംവരണ തത്വങ്ങളെ അട്ടിമറിച്ചുള്ള പിന്‍വാതില്‍ നിയമങ്ങളെ കേരളീയ സമൂഹം ഒറ്റക്കെട്ടായി എതിര്‍ക്കണമെന്നും മതമില്ലാത്ത ജിവിതം പ്രോത്സാഹിപ്പിക്കുന്നവര്‍ പിന്‍വാതില്‍ നിയമനം സാധൂകരിക്കുന്നതിന് വേണ്ടി മതത്തെ അന്യായമായി ഉപയോഗിച്ചത് അപഹാസ്യമാണ്. സര്‍ക്കാര്‍ അത്തരം നീക്കങ്ങളില്‍നിന്ന് പിന്‍മാറണമെന്നും സര്‍ക്കാര്‍ അര്‍ധ സര്‍ക്കാര്‍ സംവിധാനങ്ങളിലെ മുഴുവന്‍ നിയമങ്ങളും പി.എസ്.സിക്ക് വിടണമെന്നും മുസ്‌ലിംകളാദി പിന്നാക്ക വിഭാഗങ്ങള്‍ക്ക് നിയമനങ്ങളില്‍ വന്ന്‌പോയ ബാക്ക് ലോഗ് പരിഹരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാതെ മുന്നാക്ക ജാതിക്കാര്‍ക്ക് സാമ്പത്തിക സംവരണം നല്‍കാന്‍ കാണിച്ച തിടുക്കം ശരിയായില്ലെന്നും സംവരണ നഷ്ടം നികത്താന്‍ നടപടികള്‍ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. മുക്കം ഉമര്‍ ഫൈസിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സംഗമത്തില്‍ യു. മുഹമ്മദ് ശാഫി ഹാജി ചെമ്മാട്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, കെ. മോയിന്‍ കുട്ടി മാസ്റ്റര്‍, എം.എ ചേളാരി, ഹംസ ബിന്‍ ജമാല്‍ റംലി, അബ്ബാസ് ഹാജി കല്ലട്ര, സി.ടി അബ്ദുല്‍ ഖാദര്‍ തൃക്കരിപ്പൂര്‍, സലാം ഫൈസി മുക്കം, വി.എ.സി കുട്ടി ഹാജി, ബദ്‌റുദ്ദീന്‍ അഞ്ചല്‍, എ.എം പരീത് കളമശ്ശേരി, മഅ്മൂന്‍ ഹുദവി വണ്ടൂര്‍, അബ്ദുസ്സമദ് മുട്ടം, ഒ.എം ശരീഫ് ദാരിമി കോട്ടയം, എ.കെ ആലിപ്പറമ്പ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.