smfstate@gmail.com

Sundhook

സുന്ദൂഖ് (പലിശരഹിത വായ്പാനിധി)

എസ് എം എഫ് സംസ്ഥാന കമ്മിറ്റിയുടെ നിർദേശപ്രകാരം മഹല്ല് കമ്മിറ്റികൾക്കു കീഴിലും ആവിഷ്കരിച്ച് നടപ്പാക്കുന്ന പലിശരഹിത വായ്പ നിധിയാണ് സുന്ദൂഖ്.

ഉദ്ദേശ്യൾ

  • സാമ്പത്തിക പ്രയാസമനുഭവിക്കുന്നവർക്ക് പലിശ രഹിത വായ്പ നൽകുക.
  • വ്യക്തികൾക്കിടയിൽ പരസ്പര സഹായ മനസ്കതയും സഹകരണ മനോഭാവവും വളർത്തിയെടുക്കുക.
  • സമൂഹത്തിൽ ഹലാലായ സമ്പാദ്യ ശീലവും സാമ്പത്തിക അച്ചടക്കവും വളർത്തിയെടുക്കുക.
  • പലിശയെ നിരുത്സാഹപ്പെടുത്തുകയും പലിശക്ക് പരിഹാരം കാണുകയും ചെയ്യുക.
  • പലിശ രഹിത നിക്ഷേപങ്ങൾക്ക് വേദിയൊരുക്കുക.

അംഗത്വം

എ ക്ലാസ്സ് മെമ്പർഷിപ്പ്
മഹല്ല് പരിധിയിൽ പെട്ട, മഹല്ലിന്റെ നിയമാവലികൾ പൂർണമായും അംഗീകരിക്കുന്ന പൊതുസമ്മതരായ വ്യക്തികൾക്ക് മഹല്ലു കമ്മിറ്റി എക്സിക്യൂട്ടീവിന്റെ അംഗീകാരത്തോടെ എ ക്ലാസ്സ് മെമ്പർഷിപ്പിന് അർഹതയുണ്ടായിരിക്കും 10000 രൂപ സ്വദഖ നൽകി എ ക്ലാസ്സ് മെമ്പർഷിപ്പ് നേടുന്നവർക്ക് ഡയറക്ടർ ബോർഡിൽ അംഗമാവാം. എ ക്ലാസ്സ് മെമ്പർമാരായി ആദ്യത്തെ 15പേരെയാണ് തെരഞ്ഞെടുക്കുക. ഇതിൽ അഞ്ചു പേരെ ഡയറക്ടർ ബോർഡ് അംഗങ്ങളായി തെരഞ്ഞെടുക്കുന്നതാണ്.

ബി ക്ലാസ്സ് മെമ്പർഷിപ്പ്

മഹല്ലിന്റെ പരിധിയിൽ പെട്ട, മഹല്ലിന്റെ നിയമാവലികൾ പൂർണമായും അംഗീകരിക്കുന്ന പൊതുസമ്മതരായ വ്യക്തികൾക്ക് മഹല്ലു കമ്മിറ്റി എക്സിക്യൂട്ടീവിന്റെ അംഗീകാരത്തോടെ ബി ക്ലാസ്സ് മെമ്പർഷിപ്പിന് അർഹതയുണ്ടായിരിക്കും. 5000 രൂപ സംഭാവന നൽകി ബി ക്ലാസ്സ് മെമ്പർഷിപ്പ് എടുത്തവരിൽ നിന്ന് രണ്ടു പേരെ ഡയറക്ടർ ബോർഡ് അംഗങ്ങളായി തെരെഞ്ഞെടുക്കുന്നതാണ്.

ജനറൽ മെമ്പർഷിപ്പ്
മഹല്ല് പരിധിയിൽപെട്ട, മഹല്ലിന്റെ നിയമാവലികൾ പൂർണമായും അംഗീകരിക്കുന്ന, മഹല്ല് പ്രവർത്തനങ്ങളോട് പൂർണമായും സഹകരിക്കുന്ന, മഹല്ലു കമ്മിറ്റി എക്സിക്യൂട്ടീവ് അംഗീകരിക്കുന്ന ഏതൊരാൾക്കും ജനറൽ മെമ്പർഷിപ്പ് എടുക്കാവുന്നതാണ്്. 500 രൂപ നൽകി  ജനറൽ മെമ്പർഷിപ്പ് നേടുന്നവർക്ക് മാത്രമേ സമിതിയുടെ സേവനങ്ങൾ ലഭ്യമാവുകയുള്ളൂ.

ഘടന

ജനറൽ ബോഡി
മഹല്ല് ജനറൽ ബോഡി അംഗങ്ങൾ സുന്ദൂഖ് സമിതിയുടെയും ജനറൽ ബോഡി അംഗങ്ങളായിരിക്കും. ഒരു സാമ്പത്തിക വർഷം പൂർത്തീകരിച്ച് 45 ദിവസത്തിനകം ജനറൽ ബോഡി കൂടേണ്ടതാണ്. റമളാൻ 1 മുതൽ ശഅ്ബാൻ 30 വരെ/ജനുവരി 1 മുതൽ ഡിസംബർ 31 വരെയുള്ള കാലയളവായിരിക്കും സമിതിയുടെ സാമ്പത്തിക വർഷം. ഒാരോ സാമ്പത്തിക വർഷത്തെയും പ്രവർത്തന റിപ്പോർട്ടും വരവ് ചെലവ് കണക്കുകളും ജനറൽ ബോഡിയിൽ അവതരിപ്പിക്കേണ്ടതാണ്.

ഗവേണിംഗ് ബോഡി

  • എ ക്ലാസ്സ്, ബി ക്ലാസ്സ് മെമ്പർമാർ, മഹല്ല് പ്രസിഡന്റ്, സെക്രട്ടറി, ട്രഷറർ, കമ്മിറ്റി നിർദ്ദേശിക്കുന്ന മറ്റു അംഗങ്ങൾ അടക്കം 40 പേരടങ്ങുന്നതാണ് ഗവേണിംഗ് ബോഡി.
  • മൂന്ന് മാസത്തിലൊരിക്കൽ ഗവേണിംഗ് ബോഡി യോഗം ചേരേണ്ടതാണ്.
  • ഗവേണിംഗ് ബോഡിയുടെ  പ്രഥമ യോഗത്തിൽ ഗവേണിംഗ് ബോഡിയുടെ കൺവീനറെ തെരഞ്ഞെടുക്കേണ്ടതാണ്.
  • ഗവേണിംഗ് ബോഡിയുടെ കൺവീനർ ഡയറക്ടർ ബോർഡിന്റെ എക്സ് ഒാഫീഷ്യോ അംഗമായിരിക്കും.

ഗവേണിംഗ് ബോഡിയുടെ അധികാരങ്ങളും ചുമതലകളും

  • യോഗത്തിൽ അവതരിപ്പിക്കപ്പെടുന്ന നിയമാവലിയിലെ ഭേദഗതി നിർദേശങ്ങൾ ചർച്ച ചെയ്ത് തീരുമാനമെടുക്കുക.
  • ഡയറക്ടർ ബോഡിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തുക.
  • ദൈനംദിന പ്രവർത്തനങ്ങൾക്കും വളർച്ചക്കും വേണ്ടി ഡയറക്ടർ ബോർഡിനെ സഹായിക്കുക.
  • മൂന്ന് വർഷ കാലയളവിലേക്ക് 2 ഒാഡിറ്റർമാരെ നിശ്ചയിക്കുക.
  • ഒാരോ സാമ്പത്തിക വർഷത്തെ പ്രവർത്തന റിപ്പോർട്ടും വരവ് ചെലവ് കണക്കുകളും ചർച്ച ചെയ്ത് പാസ്സാക്കുകയും നിശ്ചിത ഒാഡിറ്റർമാർ പരിശോധന നിർവഹിച്ച ശേഷം തയ്യാറാക്കിയ ഒാഡിറ്റ് റിപ്പോർട്ട് അംഗീകരിക്കുകയും ചെയ്യുക.
  • ഡയറക്ടർ ബോർഡ് അംഗം, ഗവേണിംഗ് ബോർഡ് അംഗം എന്നിവരുടെ രാജിയിൻമേൽ  തീരുമാനമെടുക്കുക.

ഡയറക്ടർ ബോർഡ്

  • ഡയറക്ടർ ബോർഡിന്റെ അംഗ സംഖ്യ 15ഉം പ്രവർത്തന കാലാവധി 3 വർഷവുമായിരിക്കും.
  • ചെയർമാൻ, വൈസ് ചെയർമാൻ, എക്സിക്യൂട്ടീവ് ഒാഫീസർ, അഡീഷനൽ എക്സിക്യൂട്ടീവ് ഒാഫീസർ എന്നീ ഒൗദ്യോഗിക ഭാരവാഹികളാണുണ്ടായിരിക്കുക.
  • മഹല്ല് കമ്മറ്റിയുടെ ഒൗദ്യോഗിക ഭാരവാഹികളിൽ ഒരാളെയാണ് ചെയർമാനായി തെരെഞ്ഞെടുക്കേണ്ടത്.
  • എ ക്ലാസ് മെമ്പേഴ്സ്, ബി ക്ലാസ് മെമ്പേഴ്സ്  എന്നിവരിൽ നിന്ന് മഹല്ല് കമ്മിറ്റി നോമിനേറ്റ് ചെയ്യുന്ന ഏഴു പേർ, മഹല്ല് പ്രസിഡന്റ്, സെക്രട്ടറി, ട്രഷറർ എന്നിവരടക്കം മഹല്ലു കമ്മറ്റിയിൽ നിന്നും എട്ടുപേർ എന്നിവരടങ്ങുന്നതാണ് ഡയറക്ടർ ബോർഡ്.
  • സമിതിയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങൾക്കനുസൃതമായി സത്യസന്ധതയോടെയും  നീതിബോധത്തോടെയും ഡയറക്ടർ ബോർഡ് അംഗങ്ങൾ പ്രവർത്തിക്കേണ്ടതാണ്.
  • ആഴ്ച്ചയിലൊരിക്കൽ ഡയറക്ടർ ബോർഡ് അംഗങ്ങൾ യോഗം ചേരുകയും ലോൺ അപേക്ഷകളിൽ തീരുമാനം കൈകൊള്ളുകയും ചെയ്യേണ്ടതാണ്.
  • സ്ഥാപനത്തിന്റെ പണം ഡയറക്ടർ ബോർഡ് യോഗത്തിന്റെ തീരുമാനങ്ങൾക്ക്് വിധേയമായി ചെയർമാനും എക്സിക്യൂട്ടീവ് ഡയറക്ടറും സുരക്ഷിതമായി കൈകാര്യം ചെയ്യുക.
  • ഗവേണിംഗ് ബോഡി യോഗത്തിലും ജനറൽ ബോഡി യോഗത്തിലും പ്രവർത്തന റിപ്പോർട്ടും വരവ് ചെലവ് കണക്കുകളും അവതരിപ്പിക്കുക.
  • ജനറൽ ബോഡിക്കും ഗവേണിംഗ് ബോഡിക്കും വിധേയമല്ലാത്ത എല്ലാ അധികാരങ്ങളും ഡയറക്ടർ ബോർഡിൽ നിക്ഷിപ്തമായിരിക്കും.
  • സമിതിയിലേക്ക് ആവശ്യമായ ഉദ്യോഗസ്ഥരെ/സന്നദ്ധപ്രവർത്തകരെ ഡയറക്ടർ ബോർഡ് നിശ്ചയിക്കുക.

ചെയർമാന്റെ ചുമതലകൾ

  • സമിതിയുടെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുക.
  • ഡയറക്ടർ ബോർഡ് യോഗങ്ങളിലും ജനറൽ ബോഡി യോഗങ്ങളിലും അധ്യക്ഷത വഹിക്കുക
  • സമിതിയിലേക്ക് എഴുതി വാങ്ങുന്ന എല്ലാ ഇടപാടുകളും ചെയർമാന്റെ പേരിൽ സമിതിയുടെ വിലാസത്തിൽ ആയിരിക്കേണ്ടതാണ്.

വൈസ് ചെയർമാന്റെ ചുമതലകൾ

  • പ്രവർത്തനങ്ങളിൽ ചെയർമാനെ സഹായിക്കുക
  • ചെയർമാന്റെ അഭാവത്തിൽ ചെയർമാനിൽ നിക്ഷിപ്തമായ ചുമതലകൾ നിർവ്വഹിക്കുക

എക്സിക്യുട്ടീവ് ഒാഫീസറുടെ ചുമതലകൾ

  • ഡയറക്ടർ ബോർഡിന്റെ തീർപ്പനുസരിച്ചും ചെയർമാന്റെ നിർദേശമനുസരിച്ചും സമിതിയുടെ പ്രവർത്തനം നടത്തുക.
  • സമിതിയുടെ റിക്കാർഡുകളും കണക്കുകളും സൂക്ഷിക്കുക.
  • സമിതിക്ക് ലഭിക്കുന്ന കത്തുകളും അപേക്ഷകളും തൊട്ടടുത്ത ഡയറക്ടർ ബോർഡ് യോഗത്തിൽ സമർപിക്കുക
  • ചെയർമാന്റെ സമ്മതത്തോടെ ഡയറക്ടർ ബോർഡ് യോഗങ്ങൾ വിളിച്ച് ചേർക്കുക
  • ബജറ്റ്, കണക്ക്, പ്രവർത്തന റിപ്പോർട്ട്, ഒാഡിറ്റ് റിപ്പോർട്ട്, മറുപടി എന്നിവ ബന്ധപ്പെട്ട യോഗത്തിൽ അവതരിപ്പിക്കുക.

അഡീഷനൽ എക്സിക്യൂട്ടീവ് ഒാഫീസർ

  • പ്രവർത്തനങ്ങളിൽ എക്സിക്യുട്ടീവ് ഡയറക്ടറെ സഹായിക്കുകയും അഭാവത്തിൽ അദ്ദേഹത്തിന്റെ ചുമതലകൾ നിർവ്വഹിക്കുകയും ചെയ്യുക.

ഉപദേശക സമിതി

മഹല്ലിലെ ഖത്വീബ് ചെയർമാനായും പണ്ഡിതർ അംഗങ്ങളായുമുള്ള ഉപദേശക സമിതി രൂപീകരിക്കേണ്ടതാണ്. സമിതിയുമായി ബന്ധപ്പെട്ട മസ്അലകൾ, മറ്റു ഉപദേശനിർദേശങ്ങൾ എന്നിവ ഇവരിൽ നിന്നും തേടേണ്ടതാണ്.

സമിതിയുടെ മുഴുവൻ സംഖ്യയും ഒരു നിലക്കും പലിശയുമായി ബന്ധപ്പെടാതെ സൂക്ഷിക്കേണ്ടതാണ്.

പ്രവർത്തന രീതി

മൂലധനം

  • വിവിധ മെമ്പർഷിപ്പുകളിലൂടെ ലഭിക്കുന്ന സംഖ്യയാണ് സമിതിയുടെ പ്രാഥമിക മൂലധനം.
  • ഇതിനു പുറമെ  വിവിധ നിക്ഷേപ പദ്ധതികളിലൂടെയും മൂലധനം കണ്ടെത്താവുന്നതാണ്.
  • വിവിധ നിക്ഷേപ പദ്ധതികൾ

കൻസ്

  • ഒരു വർഷത്തേക്കുള്ള നിക്ഷേപം അഥവാ ഒരു വർഷത്തിന് ശേഷമേ ആ പണം പിൻവലിക്കാൻ പാടുള്ളൂ.

ഇദ്ദിഖാർ

  • പണം നിക്ഷേപിക്കുകയും ആവശ്യമാകുന്ന പക്ഷം പ്രത്യേക അപേക്ഷ നൽകി 15 ദിവസത്തിനുള്ളിൽ പണം പിൻവലിക്കുകയും ചെയ്യാവുന്നതാണ്.

കൻസുത്ത്വലബ

  • വിദ്യാർത്ഥികൾക്കുള്ള നിക്ഷേപം.
  • ആഴ്ചയിലോ മാസത്തിലോ പണം നിക്ഷേപിക്കാവുന്നതാണ്.

മറ്റു നിക്ഷേപങ്ങൾ
വിദ്യാർഥികൾ, പൊതുജനങ്ങൾ എന്നിവർക്കായി കൃത്യമായ സംഖ്യകൾ നിശ്ചയിച്ച് വാരാന്ത/മാസാന്ത നിക്ഷേപങ്ങൾ ആസൂത്രണം ചെയ്യാവുന്നതാണ്.

സമിതിയുടെ നടത്തിപ്പിന്റെ ചെലവിലേക്കായി ഗുണകാംഷികളിൽ നിന്നും ഫണ്ട് കണ്ടെത്താവുന്നതാണ്.

വായ്പാ പദ്ധതി

  • ആദ്യ മൂന്നു മാസം പരീക്ഷണ കാലമായിരിക്കും.
  • ജനറൽ മെമ്പർഷിപ്പ് നേടിയവർക്ക് മാത്രമേ സുന്ദൂഖ് ലോൺ അനുവദിക്കുകയുള്ളൂ.
  • നിശ്ചിത ഫോമിൽ അപേക്ഷ നൽകുന്നവരിൽ നിന്ന് ഏറ്റവും അർഹരായവർക്ക് 10000ത്തിൽ താഴെ വരുന്ന സംഖ്യ മാത്രമേ ആദ്യത്തെ 3 മാസം വായ്പ അനുവദിക്കുകയുള്ളൂ.
  • വായ്പകൾക്ക് എക്ലാസ് ബിക്ലാസ് മെമ്പർമാർ, ഡയറക്ടർ ബോർഡ് മെമ്പർമാർ മുഖേനയുള്ള ആൾജാമ്യം/ വസ്തു ജാമ്യം ആവശ്യമാണ്.
  • വായ്പാ കാലാവധി പരമാവധി ആറുമാസമായിരിക്കും. (കാലക്രമത്തിൽ ഇൗ നിയമത്തിൽ ആവശ്യമായ മാറ്റം വരുത്താവുന്നതാണ്)
  • ആഴ്ചയിൽ ഒരിക്കൽ ഡയറക്ടർ ബോർഡ് യോഗം ചേർന്ന് ഒാരോ ആഴ്ചയിലും അനുവദിക്കേണ്ട വായ്പാ സംഖ്യകൾ നിശ്ചയിക്കുന്നതാണ്.
  • മൊത്തം സുൻദൂഖ് ഡെപ്പോസിറ്റിന്റെ 50 ശതമാനം മാത്രമേ ആദ്യ മൂന്ന് മാസം വായ്പ അനുവദിക്കാൻ പാടുള്ളൂ.