*ലഹരി നിർമാർജനത്തിന് മഹല്ലുകൾ മുന്നിട്ടിറങ്ങണം: സുന്നീ മഹല്ല് ഫെഡറേഷൻ*
ചേളാരി: ജനതയുടെ സാമൂഹികാരോഗ്യവും സാംസ്കാരിക ബോധവും പുതിയ തലമുറയുടെ ക്രിയാത്മകതയും ധാർമികതയും തകർക്കുന്ന ലഹരിയെന്ന മഹാവിപത്തിനെതിരെ മഹല്ലുജമാഅത്തുകളും സംഘടനാ പ്രവർത്തകരും അതീവ ജാഗ്രതയോടെ കർമരംഗത്തിറങ്ങണമെന്ന് സമസ്ത കേരള സുന്നീ മഹല്ല് ഫെഡറേഷൻ സംസ്ഥാന പ്രസിഡൻ്റ് പ്രൊഫ.കെ.ആലിക്കുട്ടി മുസ്ലിയാർ, ജനറൽ സെക്രട്ടറി യു.മുഹമ്മദ് ശാഫി ഹാജി ചെമ്മാട്, ട്രഷറർ സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ, വർക്കിങ് സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂർ എന്നിവർ ആഹ്വാനം ചെയ്തു. വ്യക്തി ജീവിതത്തിൻ്റെ അന്തസ്സും കുടുംബത്തിൻ്റെ ഭദ്രതയും സമൂഹത്തിൻ്റെ സ്വസ്ഥതയും ഇല്ലാതാക്കുന്ന ലഹരിയോടുള്ള അഡിക്ഷൻ അത്യന്തം അപകടകരമാം വിധം പുതിയ തലമുറയിൽ വർധിച്ച് വരികയാണ്. സാമൂഹിക പ്രതിബദ്ധതയുള്ള ആർക്കും ഈ അപകടം കണ്ടില്ലെന്ന് നടിക്കാനാവില്ല. മഹല്ല് സ്ക്വാഡുകൾ രൂപീകരിച്ച് ഗൃഹ സന്ദർശനം നടത്തിയും വ്യക്തി സമ്പർക്കത്തിലൂടെയും ലഹരിയടക്കമുള്ള അപകടങ്ങളെക്കുറിച്ച് ബോധവൽകരിക്കാനും പ്രതിരോധ പ്രവർത്തനങ്ങൾ നടത്താനും സുന്നീ മഹല്ല് ഫെഡറേഷൻ വിവിധ കർമപദ്ധതികൾ തയ്യാറാക്കിയിട്ടുണ്ട്. സംഘടനയുടെ കീഴിലുള്ള എല്ലാ മഹല്ലുകളിലും ബഹുജന വിദ്യാർത്ഥി യുവജന സംഗമങ്ങൾ വെവ്വേറെ വിളിച്ച് ചേർക്കാനും തീരുമാനമായിട്ടുണ്ട്. ഖത്തീബുമാർ, മദ്രസ അധ്യാപകർ,മദ്രസ പൂർവ്വ വിദ്യാർത്ഥി സംഘടനകൾ, എസ്.കെ.എസ്.എസ്.എഫ് ,എസ്.വൈ.എസ് പോലെയുള്ള വിദ്യാർത്ഥി - യുവജന കൂട്ടായ്മകളുടെ സഹായത്തോടെ ഈ കർമപദ്ധതി മഹല്ലുകളിൽ നടപ്പിലാക്കണം. സർക്കാർ ഏജൻസികളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും നടത്തുന്ന ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് മഹല്ലുകൾ പിന്തുണ നൽകണം. ലഹരി നിർമാർജന പ്രവർത്തനങ്ങൾക്കെന്ന വ്യാജേന മഹല്ലുകളിൽ കടന്ന് കയറാൻ ശ്രമിക്കുന്ന ബാഹ്യശക്തികളെ തിരിച്ചറിയണമെന്നും ജെൻഡർ ന്യൂട്രാലിറ്റി നടപ്പിലാക്കാനും സമൂഹത്തിൽ ലൈംഗിക അരാജകത്വം സൃഷ്ടിക്കാനുമുള്ള ആസൂത്രിത ശ്രമങ്ങൾക്കെതിരെ സമസ്ത കേരള ജംഇയ്യത്തുൽ ഖുത്വബാ നടത്തുന്ന കാമ്പയിൻ വിജയിപ്പിക്കാൻ മഹല്ലുകമ്മിറ്റി അംഗങ്ങൾ മുൻകയ്യെടുക്കണമെന്നും നേതാക്കൾ അഭ്യർത്ഥിച്ചു.