പാഠ്യപദ്ധതി ചട്ടക്കൂട്: ഒളിയജണ്ടകള്‍ തിരിച്ചറിഞ്ഞ് പ്രതിരോധിക്കണം എസ്.എം.എഫ്
പാഠ്യപദ്ധതി ചട്ടക്കൂട്: ഒളിയജണ്ടകള്‍ തിരിച്ചറിഞ്ഞ് പ്രതിരോധിക്കണം എസ്.എം.എഫ് ചേളാരി: സംസ്ഥാനത്ത് പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ മറവില്‍ മതനിരാസ ചിന്തകള്‍ പ്രചരിപ്പിക്കാനും ലൈംഗിക അരാജകത്വം സൃഷ്ടിക്കാനുമുള്ള ഒളിയജണ്ടകള്‍ തിരിച്ചറിഞ്ഞ് സമൂഹം ജാഗ്രതയോടെ പ്രതിരോധിക്കണമെന്ന് സമസ്ത കേരള സുന്നീ മഹല്ല് ഫെഡറേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി യു മുഹമ്മദ് ശാഫി ഹാജി ചെമ്മാട് ആഹ്വാനം ചെയ്തു. എസ്.എം.എഫ് ജില്ലാ ഓര്‍ഗനൈസര്‍മാരുടെയും കോ-ഓര്‍ഡിനേറ്റര്‍മാരുടെയും യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന സര്‍ക്കാറിന്റെ വിവിധ വകുപ്പുകള്‍ പുറത്തിറക്കിയിട്ടുള്ള കേരള പാഠ്യപദ്ധതി ചട്ടക്കൂട് ചര്‍ച്ചാകുറിപ്പ്, കുടുംബശ്രീയുടെ 'ആരോഗ്യകരമായ ബന്ധങ്ങള്‍' പഠന സഹായി, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കായി തയ്യാറാക്കിയ ലൈംഗിക ലിംഗത്വന്യൂനപക്ഷങ്ങളെക്കുറിച്ചുള്ള കൈപ്പുസ്തകം, കുടുംബശ്രീയുടെ കീഴില്‍ ജെന്റര്‍ റിസോഴ്സ് സെന്ററുകളും സ്കൂളുകളില്‍ ജെന്റര്‍ ക്ലബ്ബുകളും രൂപീകരിക്കുന്നതിനെക്കുറിച്ചുള്ള മാര്‍ഗരേഖ തുടങ്ങിയവയിലെല്ലാം സമൂഹത്തിന്റെ ധാര്മികാരോഗ്യവും പരമ്പരാഗത കുടുംബ വ്യവസ്ഥയും തകര്‍ക്കുന്ന പ്രതിലോമകരമായ ചിന്തകളും മതവിരുദ്ധ ആശയങ്ങളു മാണ് ഒളിഞ്ഞും തെളിഞ്ഞും പ്രചരിപ്പിക്കപ്പെടുന്നത്. ലിംഗ നീതി നടപ്പിലാക്കുകയെന്ന വ്യാജേന ജെന്‍ഡര്‍ ന്യൂട്രാലിറ്റി അടിച്ചേല്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സ്ത്രീ പുരുഷ ബന്ധത്തിലധിഷ്ഠിതമായ കുടുംബ വ്യവസ്ഥയിലൂന്നിയ എതിര്‍ലിംഗ സ്വാഭാവികമായ നമ്മുടെ സമൂഹഘടന പൊളിച്ചെഴുതി സ്വവര്‍ഗസ്വാഭാവിക സാമൂഹികഘടന സാധ്യമാക്കുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി തന്നെ തുറന്ന് പറഞ്ഞിട്ടുള്ളതാണ്. ജാതി മതഭേദമന്യേ ധര്‍മബോധമുള്ള മുഴുവനാളുകളും ഈ നീക്കത്തിനെതിരെ രംഗത്ത് വരണമെന്നും പാഠ്യപദ്ധതി ചട്ടക്കൂടുമായി ബന്ധപ്പെട്ട് സ്കൂളുകളിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും നടക്കുന്ന ജനകീയ ചര്‍ച്ചകളില്‍ സജീവമായി പങ്കെടുത്ത് എതിരഭിപ്രായം രേഖപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ലഹരി - ജെന്‍ഡര്‍ ന്യൂട്രാലിറ്റി വിരുദ്ധ കാമ്പയിന് മഹല്ലുകള്‍ കേന്ദ്രീകരിച്ച് സംഘടിപ്പിക്കുന്നതിന് യോഗം അന്തിമരൂപം നല്കി. ചേളാരി സമസ്താലയത്തില്‍ ചേര്‍ന്ന യോഗം എസ്.എം.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈല്‍ ഉദ്ഘാടനം ചെയ്തു. സമസ്ത മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ പ്രസംഗിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ചീഫ് ഓര്‍ഗനൈസര്‍ എ.കെ ആലിപ്പറമ്പ് സ്വാഗത വും സി.ഇ.ഒ ബീരാന് കുട്ടി മാസ്റ്റര്‍ നന്ദിയും പറഞ്ഞു. ജാബിര്‍ ഹുദവി തൃക്കരിപ്പൂര്‍, പി.സി ഉമര്‍ മൗലവി വയനാട്, ഇ.ടി.എ അസീസ് ദാരിമി വടകര, നൂറുദ്ദീന്‍ ഫൈസി കോഴിക്കോട്, ഖാജാ ഹുസൈന് ഉലൂമി പാലക്കാട്, യാസര്‍ ഹുദവി കാസറഗോഡ് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.