ചേളാരി. സംസ്ഥാനമാകെ മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുകയാണ്. കേരളം കണ്ട ഏറ്റവും വലിയ ദുരന്തങ്ങളിലൊന്ന് എന്ന് വിശേഷിപ്പിക്കാവുന്ന വയനാട് ഉരുള്‍ പൊട്ടലില്‍ മരണം നൂറിലധികമായിരിക്കുന്നു. ഇനിയും മരണ സംഖ്യ ഉയര്‍ന്നേക്കാം. നിരവധി പേര്‍ പലയിടങ്ങളിലായി ഒറ്റപ്പെട്ടതായും മറ്റനേകം പേരെ കാണാതായതായും അനവധി വീടുകളും കടകളും പള്ളികളും ക്ഷേത്രങ്ങളുമെല്ലാം മണ്ണിനടിയില്‍ പെട്ടതായും ഒക്കെയുമുള്ള ഭീതിജനകമായ വാര്‍ത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തില്‍ മഹല്ല് കമ്മിറ്റികളും SMF പ്രവര്‍ത്തകരും ദുരിതബാധിതരെ സഹായിക്കുന്നതിലും ഭരണകൂടങ്ങളോടും രക്ഷാപ്രവര്‍ത്തകാരോടും സഹകരിച്ചു ആവശ്യമായ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കാളികളാകണമെന്ന് SMF സംസ്ഥാന പ്രസിഡണ്ട് പ്രൊഫ. കെ. ആലികുട്ടി മുസ്ലിയാര്‍, ട്രഷറര്‍ സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങള്‍ പാണക്കാട,് ജനറല്‍ സെക്രട്ടറി യു. ശാഫി ഹാജി ചെമ്മാട്, വര്‍ക്കിങ് സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍, സെക്രട്ടറിമാരായ സി.ടി അബ്ദുല്‍ ഖാദര്‍ ഹാജി തൃക്കരിപ്പൂര്‍, പി.സി ഇബ്രാഹിം ഹാജി വയനാട്, വി.എ.സി കുട്ടി ഹാജി പാലക്കാട്, ബശീര്‍ കല്ലെപാടം, ബദറുദ്ധീന്‍ അഞ്ചല്‍ എന്നിവര്‍ മഹല്ല് ജമാഅത്തുകളോട് അഭ്യര്‍ത്ഥിച്ചു.