പ്രീമാരിറ്റല്‍ കോഴ്‌സ്: മഹല്ലുകളില്‍ നിര്‍ബന്ധപൂര്‍വം നടപ്പിലാക്കുക - യു. മുഹമ്മദ് ശാഫി ഹാജി ചെമ്മാട്
പ്രീമാരിറ്റല്‍ കോഴ്‌സ്: മഹല്ലുകളില്‍ നിര്‍ബന്ധപൂര്‍വം നടപ്പിലാക്കുക - യു. മുഹമ്മദ് ശാഫി ഹാജി ചെമ്മാട് ദാമ്പത്യ ബന്ധത്തില്‍ ഉടലെടുക്കുന്ന നിസ്സാരമായ പ്രശ്‌നങ്ങള്‍ പോലും വിവാഹമോചനത്തിന് കാരണമാവുകയും, വിവാഹ ബന്ധങ്ങളുടെ തകര്‍ച്ച ഒട്ടും ഗൗരവം അല്ലാതായി തീരുകയും ചെയ്യുന്ന വര്‍ത്തമാന കാലഘട്ടത്തില്‍ വൈവാഹിക ജീവിതത്തിലേക്ക് കടക്കുന്ന യുവതീ യുവാക്കള്‍ക്കുവേണ്ടി സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റി ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന പ്രീ മാരിറ്റല്‍ കോഴ്‌സിന്റെ പ്രസക്തി ഏറെ വര്‍ദ്ധിച്ചിരിക്കുകയാണെന്ന് സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി യു. മുഹമ്മദ് ഷാഫി ഹാജി ചെമ്മാട് അഭിപ്രായപ്പെട്ടു. എസ്.എം.എഫ് പ്രീമാരിറ്റല്‍ കോഴ്‌സ് ആര്‍.പിമാര്‍ക്കുവേണ്ടി കോഴിക്കോട് കിംഗ് ഫോര്‍ട്ട് ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടത്തിയ ഏകദിന ആര്‍.പി സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈവാഹിക ജീവിതം സുഭദ്രമാക്കി മുന്നോട്ട് പോവാനുള്ള പ്രധാന ഘടകങ്ങളെ ഇസ്ലാമിക മന:ശാസ്ത്ര തലത്തില്‍ വിശകലനം ചെയ്യുകയും പരിശീലിപ്പിക്കുകയും ചെയ്യുന്ന എസ്.എം.എഫ് പ്രീ മാരിറ്റല്‍ കോഴ്‌സ് മഹല്ലുകളിലെ വിവാഹ പ്രായമെത്തിയ മുഴുവന്‍ യുവതീ യുവാക്കള്‍ക്കും നിര്‍ബന്ധമായി നല്‍കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയായി മാറിയിരിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സുന്നി മഹല്ല് ഫെഡറേഷന്‍ അക്കാദമിക്ക് ചെയര്‍മാനും കോഴിക്കോട് വലിയ ഖാസിയുമായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി അധ്യക്ഷത വഹിച്ചു. എസ്.എം.എഫ് കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രസിഡണ്ട് ആര്‍.വി കുട്ടിഹസ്സന്‍ ദാരിമി അനുഗ്രഹഭാഷണം നടത്തി. എസ്.എം.എഫ് അക്കാദമിക് കണ്‍വീനര്‍ സി.ടി അബ്ദുല്‍ ഖാദര്‍ ഹാജി തൃക്കരിപ്പൂര്‍ പദ്ധതി വിശദീകരണം നടത്തി. അക്കാദമിക്ക് വര്‍ക്കിങ് ചെയര്‍മാന്‍ എസ്.വി മുഹമ്മലി മാസ്റ്റര്‍ റിലേ റിലേഷന്‍ഷിപ്പ് എന്ന വിഷയത്തില്‍ ക്ലാസ്സെടുത്തു. പ്രീമാരിറ്റല്‍ കോഴ്‌സ് വെബ് ആപ്ലിക്കേഷനെ കുറിച്ച് മുഹമ്മദ് ശഫീഖ് പെരിന്തല്‍മണ്ണ വിശദീകരിച്ചു. ചീഫ് ഓര്‍ഗനൈസര്‍ എ.കെ ആലിപ്പറമ്പ് പ്രാര്‍ത്ഥന നിര്‍വഹിച്ചു. സി.ഇ.ഒ പി. വീരാന്‍കുട്ടി മാസ്റ്റര്‍, എ.പി.പി കുഞ്ഞഹമ്മദ് ചന്തേര, ഹക്കീം മാസ്റ്റര്‍ മാടക്കല്‍ എന്നിവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി. പ്രീമാരിറ്റല്‍ കോഴ്‌സ് ജില്ലാ ആര്‍.പി ഹെഡുമാരായ നാസര്‍ മാസ്റ്റര്‍ കല്ലൂരാവി, പി.സി റാഷിദ് മാസ്റ്റര്‍ കണ്ണൂര്‍, മുഹമ്മദ് ഷാ മാസ്റ്റര്‍ വയനാട്, ഇസ്മാഈല്‍ ഹുദവി മലപ്പുറം, സ്വാലിഹ് അന്‍വരി തൃശ്ശൂര്‍, മുഹമ്മദ് സിയാദ് കൊല്ലം, അഹമ്മദ് റഷാദി തിരുവനന്തപുരം, നൂറുദീന്‍ ഫൈസി കോഴിക്കോട്, അബ്ദുറഹ്മാന്‍ റഹീമി പാലക്കാട്, ഹര്‍ഷദ് ആലപ്പുഴ, പി.എ അബ്ദുല്‍ കരീം എറണാകുളം തുടങ്ങിയവര്‍ സംസാരിച്ചു.