ചേളാരി: ലഹരിയുടെ വിപത്ത് വ്യാപകമായി പടരുന്ന സാഹചര്യത്തില്‍ പെരുന്നാള്‍ ദിനത്തില്‍ പള്ളികളില്‍ ജുമുഅയോടനുബന്ധിച്ചു ലഹരി വിരുദ്ധ ഉദ്‌ബോധനവും പോസ്റ്റര്‍ പ്രദര്‍ശനവും നടത്താന്‍ സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറിമാരുടെ യോഗം മഹല്ല് ജമാഅത്തുകളോടും ഖതീബുമാരോടും ആവശ്യപ്പെട്ടു. യുവാക്കളില്‍ വര്‍ധിച്ചു വരുന്ന മദ്യാസക്തിയും അതുവഴി വ്യക്തി ജീവിതത്തിലും കൗടുംബിക പശ്ചാത്തലത്തിലുമുണ്ടാകുന്ന അരാജകത്വങ്ങളെക്കുറിച്ചും മയക്കുമരുന്നുകള്‍ സൃഷ്ടിക്കുന്ന സാമൂഹ്യ ദുരന്തങ്ങളെക്കുറിച്ചും ബോധവത്കരിക്കേണ്ട ഉത്തരവാദിത്തം മറ്റാരേക്കാളും മഹല്ല് ജമാഅത്തുകള്‍ക്കും മതപണ്ഡിതന്മാര്‍ക്കുമുണ്ട്. ഇതിന്നായി സുന്നിമഹല്ല് ഫെഡറേഷനില്‍ അംഗീകാരമുള്ള മഹല്ല് കമ്മിറ്റികളുടെ നേതൃത്വത്തില്‍ മഹല്ല് തലങ്ങളില്‍ ബന്ധപ്പെട്ടവരെയെല്ലാം പങ്കെടുപ്പിച്ചു വിപുലവും ക്രിയാത്മകവുമായ ചര്‍ച്ചകള്‍ സംഘടിപ്പിച്ച് പ്രാദേശികമായി പ്രായോഗികമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിക്കണം. അക്കാര്യം ഖത്തീബുമാര്‍ പെരുന്നാള്‍ ദിനത്തില്‍ ഉദ്‌ബോധനത്തിലൂടെ മഹല്ല് നിവാസികളെ അറിയിക്കുകയും വേണം. അതോടൊപ്പം എസ്.എം.എഫ് സംസ്ഥാന കമ്മിറ്റി നല്‍കുന്ന ലഹരിവിരുദ്ധ സന്ദേശ പോസ്റ്റര്‍ പ്രിന്റെടുത്ത് പള്ളി നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കേണ്ടതുമാണ്. യോഗത്തില്‍ സംസ്ഥാന വര്‍ക്കിംഗ് സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ അധ്യക്ഷനായി. ജന. സെക്രട്ടറി യൂ. മുഹമ്മദ് ശാഫി ഹാജി ചെമ്മാട് സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറിമാരായ സി.ടി അബ്ദുല്‍ ഖാദിര്‍ ഹാജി കാസര്‍ഗോഡ്, പി.സി ഇബ്രാഹിം ഹാജി വയനാട്, വി.എ.സി കുട്ടി ഹാജി പാലക്കാട്, ബഷീര്‍ കല്ലേപ്പാടം തൃശ്ശൂര്‍, ബദ്‌റുദ്ധീന്‍ അഞ്ചല്‍ കൊല്ലം എന്നിവര്‍ പങ്കെടുത്തു.