Logo

LIGHT OF MIHRAB

Featured Event

വിശ്വാസമാണ് ആശ്വാസം മുസ്‌ലിമിന് വിശ്വാസം ( ഈമാന്‍) പരമ പ്രധാനമാണ്. വിശ്വാസമില്ലാത്ത കര്‍മങ്ങള്‍ നിഷ്ഫലങ്ങളും വൃഥാവ്യായാമങ്ങളുമാണ്. അല്ലാഹു പറഞ്ഞതും നബി(സ്വ) പ്രബോധനം ചെയ്തതുമായ കാര്യങ്ങള്‍ നിരുപാധികം വിശ്വസിക്കലാണ് യഥാര്‍ത്ഥ ഈമാന്‍. നിര്‍ഭയത്വം എന്ന് അര്‍ത്ഥം വരുന്ന 'അമ്‌ന്' എന്ന മൂലധാതുവില്‍ നിന്ന് നിഷ്പന്നമായതാണ് ഈമാന്‍ എന്ന പദം. ഈമാന്‍ മനസ്സിനെ നിര്‍ഭയവും പ്രശാന്തവുമാക്കുന്നു. വിശ്വാസം ആശ്വാസമാകുന്നത് അങ്ങനെയാണ്. ഈമാന്‍ വളരുകയും തളരുകയും ചെയ്യും. ബോധപൂര്‍വം തന്നെ ഈമാനിനെ വളര്‍ത്താനുള്ള ശ്രമങ്ങള്‍ നമ്മുടെ ഭാഗത്ത്‌നിന്നുണ്ടാവണം. നമ്മുടെ വിശ്വാസത്തെ തളര്‍ത്തുകയും ദുര്‍ബലപ്പെടുത്തുകയും ചെയ്യുന്ന 'വൈറസുകള്‍' വര്‍ദ്ധിച്ച് വരുന്ന കാലമാണിത്. 'പ്രഭാതത്തില്‍ വിശ്വാസിയായിരുന്നവന്‍ പ്രദോഷത്തില്‍ അവിശ്വാസിയായി മാറുന്ന, പ്രദോഷത്തില്‍ വിശ്വാസിയായിരുന്നവന്‍ പ്രഭാതത്തില്‍ അവിശ്വാസിയായി മാറുന്ന' കാലത്തെക്കുറിച്ച് നബി (സ്വ) പ്രവചിച്ചിട്ടുണ്ട്. അതീവ ജാഗ്രത പാലിച്ചില്ലെങ്കില്‍ എല്ലാം നഷ്ടപ്പെട്ട് ഹതാശരാകേണ്ടി വരും. അല്ലാഹുവില്‍ അഭയം! 'അല്ലാഹുവിങ്കല്‍ സ്വീകരിക്കപ്പെട്ട മതം ഇസ്‌ലാം മാത്രമാണ്'(3:19) എന്ന് വിശുദ്ധ ഖുര്‍ആന്‍ അസന്നിഗ്ധമായി പ്രഖ്യാപിച്ചിട്ടുള്ളതാണ്. സര്‍വമത സത്യവാദത്തിന്റെ കൂമ്പൊടിക്കുകയാണ് ഈ പ്രഖ്യാപനം. ഈമാന്‍ ലഭിക്കുകയെന്നത് വലിയ സൗഭാഗ്യമാണ്. ലഭിച്ച ഈമാന്‍ നില നിര്‍ത്താ നാവുകയെന്നത് അതിലേറെ വലിയ സൗഭാഗ്യവും. പ്രവാചകന്‍മാരും പ്രവാചകാനുചരരും മുന്‍ഗാമികളായ സച്ചരിതരുമെല്ലാം ഈമാന്‍ നഷ്ടപ്പെട്ട് പോകുന്നതിനെ ഭയപ്പെടുകയും അതില്‍ നിന്ന് കാവല്‍ തേടുകയും ചെയ്തിരുന്നു. 'നബി (സ്വ)യുടെ അനുചരരില്‍ 30 പേരെ ഞാന്‍ കണ്ടിട്ടുണ്ട്. അവരെല്ലാം തങ്ങളുടെ ഈമാനില്‍ കളങ്കം വന്ന് ചേരുമോ എന്ന് ഭയപ്പെടുന്നവരായിരുന്നു. ജിബ്‌രീലി(അ)ന്റെയോ മീകാഈലി(അ)ന്റെയോ ഈമാനാണ് തങ്ങള്‍ക്കുള്ളതെന്ന് അവരാരും വാദിച്ചിരുന്നില്ലെ'ന്ന് ഇബ്‌നു അബീ മുലൈക(റ) പ്രസ്താവിച്ചിട്ടുണ്ട്. നക്ഷത്ര തുല്യരും സന്‍മാര്‍ഗദര്‍ശികളുമായ സ്വഹാബത്തിന്റെ അവസ്ഥ ഇതായിരുന്നുവെങ്കില്‍ നാമെങ്ങനെ നിര്‍ഭയരാകും? രിദ്ദത്തി(മതപരിത്യാഗം) ന്റെ ഗൗരവം കുറയരുത്. 'ഇസ്‌ലാമല്ലാത്ത മറ്റൊരു മതം ആരെങ്കിലും അന്വേഷിക്കുന്നുവെങ്കില്‍ അതയാളില്‍ നിന്ന് തീര്‍ത്തും അസ്വീകാര്യമാണ്; പരലോകത്ത് അയാള്‍ നഷ്ടക്കാരന്‍ ആയിരിക്കുകയും ചെയ്യും. സത്യവിശ്വാസം കൈക്കൊള്ളുകയും റസൂല്‍ സത്യനിഷ്ഠനാണെന്നു സാക്ഷ്യം വഹിക്കയും സ്പഷ്ടദൃഷ്ടാന്തങ്ങള്‍ ലഭിക്കുകയും ചെയ്തശേഷം നിഷേധികളായിക്കഴിഞ്ഞൊരു വിഭാഗത്തെ അല്ലാഹു എങ്ങനെ നേര്‍വഴിയിലാക്കും? അതിക്രമകാരികളായ ഒരു ജനതയെ അവന്‍ ഋജുവായ പന്ഥാവിലേക്കു കൊണ്ടുവരില്ല'(3: 85,86) എന്ന ശക്തമായ താക്കീത് നല്‍കുന്നുണ്ട് വിശുദ്ധ ഖുര്‍ആന്‍. 'ഒരാള്‍ സത്യവിശ്വാസം കൈവെടിഞ്ഞാല്‍ അവന്റെ കര്‍മങ്ങളത്രയും തകര്‍ന്നു. പരലോകത്ത് അവന്‍ നഷ്ടക്കാരില്‍ പെട്ടവനാകുന്നു' (5:5). വിശ്വാസം കൊണ്ടും കര്‍മം കൊണ്ടും വാക്ക് കൊണ്ടും രിദ്ദത്ത് സംഭവിക്കാം. മതത്തില്‍ നിന്ന് പുറത്ത് പോകുന്ന നിരവധി കാര്യങ്ങള്‍ കര്‍മശാസ്ത്ര ഗ്രന്ഥങ്ങളില്‍ വിശദീകരിക്കപ്പെട്ടിട്ടുണ്ട്. പ്രത്യക്ഷമായ രിദ്ദത്തിനേക്കാള്‍ അപകടകരമാണ് പരോക്ഷമായ രിദ്ദത്ത്. ഇസ്‌ലാമിക നിയമങ്ങളെയും ശരീഅത്തിനെയുമെല്ലാം നിസ്സാരവല്‍കരിക്കുകയും അവഗണിക്കുകയും ചെയ്യുന്ന പരോക്ഷ രിദ്ദത്ത് സമുദായത്തില്‍ അപകടകരമാം വിധം വര്‍ധിച്ച് വരുന്നുണ്ട്. മതം തന്നെ നഷ്ടപ്പെടുത്തുന്ന മതേതര നാട്യങ്ങളും കുറവല്ല. മഹല്ല് കമ്മിറ്റികളും ഉലമാ - ഉമറാ നേതൃത്വവും ഇതിനെതിരില്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.