സുന്നി മഹല്ല് ഫെഡറേഷൻ (SMF) സംഘടനയുടെ സേവനപരവും ആത്മീയവുമായ വർത്തനങ്ങളെ കൂടുതൽ കാര്യക്ഷമവും ചടുലവുമാക്കുന്നതിന്റെ ഭാഗമായി, സേവന സന്നദ്ധരായ പ്രവർത്തകരെ ഏകോപിപ്പിച്ച് ഒരു ആക്ടീവ് വിങ്ങായി “SMF SMART TEAM” രൂപീകരിച്ചു. മഹല്ല് കേന്ദ്രിതമായി പ്രവർത്തിക്കുന്ന, ആത്മസംസ്കാരം നേടിയ, സംഘടനാ ബോധമുള്ള, ഉത്തരവാദിത്വം ഏറ്റെടുക്കാൻ സന്നദ്ധരായ പ്രവർത്തകരെ വളർത്തിയെടുക്കുകയാണ് ഈ സംവിധാനത്തിന്റെ പ്രധാന ലക്ഷ്യം.
SMART TEAM – പേരിന്റെ ആശയം : SMART എന്നത് ഓരോ അക്ഷരത്തിലൂടെയും സംഘത്തിന്റെ ദർശനവും ലക്ഷ്യവും വ്യക്തമാക്കുന്ന രീതിയിലാണ് നിർവചിച്ചിരിക്കുന്നത്.
S – Sunni
M – Mahallu
A – Active
R – Response
T – Talent
സുന്നി ആദർശത്തിൽ ഉറച്ചുനിൽക്കുന്ന, മഹല്ല് കേന്ദ്രിതമായി പ്രവർത്തിക്കുന്ന, സജീവവും ഉത്തരവാദിത്വപരവുമായ പ്രതികരണ ശേഷിയുള്ള പ്രതിഭാസങ്ങളെയാണ് SMART TEAM ലക്ഷ്യമിടുന്നത്.
ലക്ഷ്യം : ആത്മസംസ്കാരം നേടിയ, സേവന സന്നദ്ധതയുള്ള, സംഘടനാ സ്പിരിറ്റ് ഉൾക്കൊള്ളുന്ന ഒരു മാതൃകാ സംഘത്തെ SMF ൻ്റെ കീഴിൽ രൂപപ്പെടുത്തുക. സമൂഹത്തിലെ അടിയന്തിര ആവശ്യങ്ങളിൽ ഉടനടി ഇടപെടാനും, മഹല്ല് ജീവിതത്തിന്റെ എല്ലാ മേഖലകളിലും സഹായഹസ്തമാകാനും കഴിയുന്ന ഒരു കേഡർ സൃഷ്ടിക്കുക എന്നതാണ് പ്രധാന ഉദ്ദേശ്യം.
പ്രവർത്തന മേഖലകൾ : SMART TEAM മഹല്ല് അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ഒരു സേവന സംഘമായിരിക്കും. പ്രധാന പ്രവർത്തന മേഖലകൾ ചുവടെപ്പറയുന്നവയാണ്:
മഹല്ലിലെ ധാർമ്മികവും സാമൂഹികവുമായ പ്രവർത്തനങ്ങളിൽ സജീവ പങ്കാളിത്തം
ജനാസ സംസ്കരണവുമായി ബന്ധപ്പെട്ട സേവനങ്ങൾ
നിർധന കുടുംബങ്ങളുടെ വിവാഹ കാര്യങ്ങളിൽ സഹായം
മരണവീടുകളിലെ സേവന പ്രവർത്തനങ്ങൾ
രോഗികളെ സന്ദർശിക്കൽ, പരിചരണം, ആശുപത്രി സഹായങ്ങൾ
ദുരിതാശ്വാസ പ്രവർത്തനങ്ങൾ
SMF ൻ്റെ വിവിധ പദ്ധതികളും ക്യാമ്പയിനുകളും ഫീൽഡിൽ നടപ്പിലാക്കൽ
അംഗങ്ങളുടെ യോഗ്യതകൾ : SMART TEAM അംഗങ്ങൾക്ക് നിർബന്ധമായും പാലിക്കേണ്ട ആത്മീയവും സംഘടനാപരവുമായ മാനദണ്ഡങ്ങൾ നിശ്ചയിച്ചിട്ടുണ്ട്:
1. 25 മുതൽ 60 വരെ പ്രായപരിധി
2. ഫർള് നിസ്കാരം പരമാവധി ജമാഅത്തായി നിർവഹിക്കൽ
3. സുന്നീ ആദർശം ജീവിതത്തിൽ പാലിക്കൽ
4. സമസ്തയുടെ പാരമ്പര്യവും നിലപാടും ശക്തിപ്പെടുത്തുന്ന വ്യക്തിത്വം
5. അമീറിന്റെ നിർദ്ദേശങ്ങൾ പൂർണ്ണമായി സ്വീകരിക്കുന്ന മനോഭാവം
6. വ്യക്തിജീവിതം സമസ്ത ആദർശത്തിന്റെ റോൾ മോഡലായിരിക്കണം
7. ദിവസവും കുറഞ്ഞത് ഖുർആൻ ഓതൽ
8. സുബ്ഹിക്ക് ശേഷം സമസ്തയുടെ മരണപ്പെട്ട ഉലമാക്കൾക്കും ഉമറാക്കൾക്കും മൂന്ന് ഫാതിഹ ഓതൽ
9. രാത്രി ഉറങ്ങുന്നതിന് മുമ്പ് കുറഞ്ഞത് 10 സ്വലാത്ത് ചൊല്ലൽ
10. എല്ലാ വർഷവും നടക്കുന്ന സമസ്ത പ്രാർത്ഥനാ ദിനത്തിൽ നാട്ടിലെ മദ്രസയിൽ പങ്കാളിത്തം
11. സാധ്യമെങ്കിൽ തിങ്കളാഴ്ച സുന്നത്ത് നോമ്പ് അനുഷ്ഠിക്കൽ
12. വസ്ത്രധാരണത്തിൽ ഇസ്ലാമിക മര്യാദ പാലിക്കൽ
13. മഹല്ല് കമ്മിറ്റി അംഗമല്ലെങ്കിലും, മഹല്ല് കമ്മിറ്റിയുടെ അംഗീകാരത്തോടെ തെരഞ്ഞെടുക്കപ്പെടണം
സംഘടനാ ഘടന (Organisational Frame)
SMART TEAM എല്ലാ ഘടകങ്ങളിലും വ്യക്തമായ ഘടനയോടെയാണ് രൂപീകരിക്കുന്നത്:
സംസ്ഥാന തലത്തിൽ – 15 അംഗങ്ങൾ
ജില്ലാ തലത്തിൽ – 11 അംഗങ്ങൾ
മേഖല / റൈഞ്ച് തലത്തിൽ – 10 അംഗങ്ങൾ
പഞ്ചായത്ത് / മുനിസിപ്പാലിറ്റി തലത്തിൽ – 7 അംഗങ്ങൾ
മഹല്ല് തലത്തിൽ – 5 അംഗങ്ങൾ
മഹല്ലുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെടാത്തെങ്കിലും ആവശ്യമായ അഞ്ച് പേരെ കൂടി പഞ്ചായത്ത് തലത്തിൽ നിന്ന് ഉൾപ്പെടുത്താൻ അനുമതിയുണ്ട്.
ഓരോ ഘടകത്തിലും: ഒരു ചെയർമാൻ, ഒരു ഡയറക്ടർ, ആവശ്യാനുസരണം അസിസ്റ്റന്റുമാർ എന്നിവരെ തെരഞ്ഞെടുക്കണം.
നിയന്ത്രണവും അധികാരവും : SMART TEAM രൂപീകരണത്തിന്റെയും പ്രവർത്തനങ്ങളുടെയും പൂർണ്ണ നിയന്ത്രണവും അധികാരവും അതത് തലത്തിലുള്ള SMF കമ്മിറ്റികൾക്കായിരിക്കും. സംഘടനാ അച്ചടക്കവും ദിശാബോധവും ഉറപ്പാക്കുന്ന രീതിയിലാണ് ഈ സംവിധാനം.
രൂപീകരണ സമയപരിധി : SMART TEAM രൂപീകരണം സമയബന്ധിതമായി പൂർത്തിയാക്കുന്നതിനായി താഴെപ്പറയുന്ന സമയക്രമം നിശ്ചയിച്ചിട്ടുണ്ട്:
സംസ്ഥാന കമ്മിറ്റി – രൂപീകരിച്ചു, ജില്ലാ തലത്തിൽ – ഡിസംബർ 5 നകം
മേഖല / റൈഞ്ച് തലത്തിൽ – ഡിസംബർ 15 നകം
പഞ്ചായത്ത് / മുനിസിപ്പാലിറ്റി തലത്തിൽ – ഡിസംബർ 20 നകം
മഹല്ല് ശാഖകളിൽ – ഡിസംബർ 31 നകം
രൂപീകരണത്തിനായി നിശ്ചിത ഫോറം പൂരിപ്പിച്ച് മേൽ കമ്മിറ്റികൾക്ക് സമയബന്ധിതമായി കൈമാറണം.
SMF SMART TEAM, സുന്നി മഹല്ല് ഫെഡറേഷന്റെ ചരിത്രത്തിലെ ഒരു നിർണായക മുന്നേറ്റമാണ്. ആത്മീയതയും സേവന മനോഭാവവും സംഘടനാ അച്ചടക്കവും ഒരുമിച്ച് ചേരുന്ന ഈ ആക്ടീവ് വിങ്ങിലൂടെ മഹല്ല് തലത്തിൽ ശക്തമായ സാമൂഹിക ഇടപെടലുകൾ സാധ്യമാകും. സമൂഹത്തിന്റെ എല്ലാ ദുരിത ഘട്ടങ്ങളിലും SMFയുടെ സാന്നിധ്യം കൂടുതൽ ശക്തമായി അനുഭവപ്പെടുന്ന തരത്തിൽ SMART TEAM പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു.