മഹല്ലിന് കീഴിലുള്ള വഖഫ് സ്വത്തുകള്‍ വഖഫ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. പൊതു മുതല്‍ അന്യാധീനപ്പെടാതെ സംരക്ഷിക്കാനും വഖഫ് മുതലിന്‍മേല്‍ അനാവശ്യമായ ക്രിയവിക്രിയങ്ങള്‍ ഒഴിവാക്കാനും വാടക പോലുള്ള കാര്യങ്ങളില്‍ കാലോചിതമായ തീരുമാനങ്ങള്‍ കൈകൊള്ളാനും വഖഫ് രജിസ്‌ട്രേഷനിലൂടെ സാധിക്കും. മഹല്ലിലുണ്ടാകുന്ന നിയമപരമായ പ്രശ്‌നങ്ങളില്‍ വഖഫ് ബോര്‍ഡിന്‍റെ ഇടപെടല്‍ സാധ്യമാവണമെങ്കില്‍ ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്യല്‍ നിര്‍ബന്ധമാണ്. രജിസ്‌ട്രേഷന്‍ നടത്തിയതിന് ശേഷം ഓരോ വര്‍ഷവും കൃത്യമായ വരവ് ചെലവ് കണക്കുകള്‍ കൊടുക്കുകയും രജിസ്‌ട്രേഷന്‍ നിലനിര്‍ത്തുകയും വേണം. കൂടാതെ ഒരു ലക്ഷം രൂപയുടെ വരവു ചെലവുമുള്ള മഹല്ല് കമ്മിറ്റിയുടെ പ്രസിഡണ്ട്, സെക്രട്ടറിമാരില്‍ ഒരാള്‍ക്ക് വോട്ടവകാശം ഉണ്ടായിരിക്കുന്നതും അത് കൃത്യമായി വിനിയോഗിക്കേണ്ടതുമാണ്. വഖഫ് സംബന്ധമായ രജിസ്‌ട്രേഷന്‍ നടത്തേണ്ടത് അതത് മേഖലാ വഖഫ് ബോര്‍ഡ് ഓഫീസുകളിലാണ്. വഖഫ് രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്കും ബോര്‍ഡില്‍ നിന്ന് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ക്കുമുള്ള ഫോമുകള്‍ക്കും മറ്റുമായി സംസ്ഥാന കമ്മറ്റി ഓഫീസുമായി ബന്ധപ്പെടുക. www.keralastate wakfboard.in/forms.html എന്ന ലിങ്കിലും ബന്ധപ്പെടാവുന്നതാണ്.