മതപ്രബോധനത്തിൻ്റെ സമഗ്ര ആവിഷ്കാരമാണ് എസ്.എം.എഫ്: പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ
കോഴിക്കോട്: “പ്രവാചക ജീവിതത്തിന്റെ സന്ദേശം തലമുറകളിലേക്ക് എത്തിച്ചുകൊണ്ട്, സമൂഹത്തിന്റെ ആത്മീയ ജീവിതത്തെ സമഗ്രമായി രൂപപ്പെടുത്താൻ കഴിഞ്ഞത് എസ്.എം.എഫിന്റെ അർധ നൂറ്റാണ്ട് നീണ്ട പ്രസ്ഥാനത്തിന്റെ ഏറ്റവും വലിയ വിജയമാണ്,” — പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. ഇസ്ലാമിക മതബോധം വളർത്തുന്ന മഹല്ല് പ്രസ്ഥാനത്തിന്റെ ഈ ദൗത്യം വരും തലമുറയിലേക്കും ദീർഘിപ്പിക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്വമാണ്. എസ്.ഐ.ആറിനകത്ത് ഒളിഞ്ഞിരിക്കുന്ന അജണ്ടകളും സാമൂഹിക ചതിക്കുഴികളും മഹല്ല് നേതാക്കൾ അതീവ ജാഗ്രതയോടെ കാണണം. പള്ളികളിൽ ആധുനിക സൗകര്യങ്ങളും ഭിന്നശേഷി സൗഹൃദ സംവിധാനങ്ങളും ഒരുക്കിയതുപോലെ പള്ളി പരിസരവും നയനമനോഹരവും ആത്മീയത നിറഞ്ഞതുമായിരിക്കണം,” — തങ്ങൾ അഭ്യർത്ഥിച്ചു. കോഴിക്കോട് ടൗൺഹാളിൽ നടന്ന സുന്നി മഹല്ല് ഫെഡറേഷൻ (SMF) ഗോൾഡൻ ജൂബിലി പ്രഖ്യാപനവും സമസ്ത നൂറാം വാർഷിക പ്രചരണ സംഗമവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമസ്ത കേരള ജമിഅത്തുല് ഉലമ പ്രസിഡൻറ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ അദ്ധ്യക്ഷത വഹിച്ചു. സമസ്തയുടെ നൂറാം വാർഷിക പ്രചരണയാത്രയും എസ്.എം.എഫിന്റെ അർധ നൂറ്റാണ്ട് സേവനചരിത്രവും വിശ്വാസത്തിന്റെ നവോത്ഥാന ദിശാസൂചികകളായി മാറണമെന്ന് പ്രസംഗങ്ങളിൽ ഉന്നയിച്ചു. പ്രമുഖ ഉലമാക്കളും സംസ്ഥാന, ജില്ലാ, പഞ്ചായത്തുതല എസ്.എം.എഫ് ഭാരവാഹികളും പങ്കെടുത്ത പ്രതിനിധി സംഗമം സുന്നി സമൂഹത്തിന്റെ ആത്മീയ പാരമ്പര്യത്തിന്റെയും സംഘടനാ ശക്തിയുടെയും മഹത്തായ പ്രതീകമായി മാറി.