Logo
blog
11 Nov 2025

ഉമീദ് വഖഫ് പോർട്ടൽ രജിസ്ട്രേഷൻ: എസ്.എം.എഫ് സംസ്ഥാനതല പരിശീലനം നടത്തി.

മലപ്പുറം: സുന്നി മഹല്ല് ഫെഡറേഷൻ (SMF) സംസ്ഥാന കമ്മിറ്റി ഉമീദ് വഖഫ് പോർട്ടലിൽ വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള സംസ്ഥാനതല പരിശീലന പരിപാടി ചെമ്മാട് ദാറുൽ ഹുദയിൽ സംഘടിപ്പിച്ചു. പുതിയ വഖഫ് ഭേദഗതി നിയമത്തെ തുടർന്ന് കേന്ദ്ര സർക്കാർ നിർബന്ധമാക്കിയ ഉമീദ് വഖഫ് പോർട്ടൽ രജിസ്ട്രേഷന്റെ പ്രായോഗിക മാർഗ്ഗങ്ങൾ കമ്പ്യൂട്ടർ പരിജ്ഞാനമുള്ള പ്രതിനിധികൾക്ക് പഠിപ്പിക്കുന്നതാണ് പരിശീലനത്തിന്റെ ലക്ഷ്യം. സംസ്ഥാനത്തെ 14 ജില്ലകളിൽ നിന്നായി തെരഞ്ഞെടുത്ത 120 പ്രതിനിധികൾ പങ്കെടുത്തു. പരിശീലന പരിപാടി എസ്.എം.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി യു. മുഹമ്മദ് ഷാഫി ഹാജി ഉദ്ഘാടനം ചെയ്തു. വഖഫ് സെൽ സംസ്ഥാന ചെയർമാൻ എ.പി.പി. കുഞ്ഞഹമ്മദ് ഹാജി അദ്ധ്യക്ഷത വഹിച്ചു. അബ്ദുസ്സമദ് പൂക്കോട്ടൂർ (സംസ്ഥാന വർക്കിംഗ് സെക്രട്ടറി) വിഷയാവതരണം നടത്തി. പ്രായോഗിക പരിശീലന ക്ലാസിന് എസ്.എം.എഫ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും സമസ്ത ലീഗൽ സെൽ കൺവീനറുമായ ബഷീർ കല്ലേപ്പാടം നേതൃത്വം നൽകി. വഖഫ് സെൽ സംസ്ഥാന കൺവീനർ അഡ്വ. ഇല്യാസ് വടകര, എ.കെ. ആലിപ്പറമ്പ് (ചീഫ് ഓർഗനൈസർ), മൂസ ഹാജി കാടാമ്പുഴ, കെ.എ. റഹ്മാൻ ഫൈസി, ബാപ്പുട്ടി മാസ്റ്റർ കോട്ടക്കൽ, ഇസ്മയിൽ ഹുദവി (മലപ്പുറം ചീഫ് കോർഡിനേറ്റർ), ടിവി അഹമ്മദ് ദാരിമി എന്നിവർ സംസാരിച്ചു. പരിശീലനം എസ്.എം.എഫ് ഹെൽപ്പ് ഡെസ്കിൻ്റെ ആദ്യഘട്ട പ്രവർത്തനമായിരുന്നു. സംസ്ഥാനത്തെ എല്ലാ മുത്തവല്ലിമാർക്കും വഖഫ് സ്വത്തുക്കളുടെ കൃത്യമായ രജിസ്ട്രേഷൻ പ്രക്രിയയിൽ സഹായം ലഭ്യമാക്കുക എന്നതാണ് എസ്.എം.എഫ് ലക്ഷ്യമിടുന്നത്.